Saturday, September 8, 2012

വഴിവക്കിലെ ഭ്രാന്തന്‍


'ഈ വെള്ളവസ്ത്രക്കാരനെ
എന്റെയടുത്ത് നിന്ന് മാറ്റി നിര്‍ത്തുക.
അവന്‍റെ കയ്യില്‍ നിന്ന് ഞാന്‍ അടി മേടിക്കും.
അത് കണ്ട് നിങ്ങളും എന്നെ അടിക്കും.
നിങ്ങള്‍ അനുകരണപ്രിയരാണല്ലോ...'
വഴിവക്കിലെ ഭ്രാന്തന്‍
പ്രവാചകന്‍മാരുടെ ഭാഷയില്‍ മൊഴിയുന്നു.
പിന്നെയും എന്തൊക്കെയോ പുലമ്പുന്നു.
ആഴത്തില്‍ ഒരു ചിരി ചിരിക്കുന്നു.
പുരാതനമായ ഒരു കിണറിന്റെ അടിത്തട്ടില്‍ നിന്ന്
ചിറകിട്ടടിച്ചു പറക്കുന്ന ചിരികള്‍..
കണ്ണുകളില്‍ കുപ്പിച്ചില്ലുകള്‍ തിളങ്ങുന്ന നോട്ടം
എന്നെയാണോ തിരയുന്നത്?
അല്ല, അതെന്നെയും തുളഞ്ഞങ്ങനെ പോവുകയാണ്.

വഴിവക്കിലെ ഭ്രാന്താ,
ഇന്ന് ഞാന്‍ നിന്‍റെ കൂടെ വരുന്നില്ല.
എനിക്കും പോണം ഒരു പാട് ദൂരം.
പൊടി പിടിച്ച വിണ്ടു കീറിയ കാലുകള്‍
എനിക്കും വേണം.
എല്ലാ കളികളും കണ്ടും കളിച്ചും
വര്‍ഷങ്ങള്‍ പാഴാക്കണം.
പാഴായതിനെ പറ്റിയോര്‍ത്തല്ലാതെ
പിന്നീടിത്ര ആഴത്തില്‍ ചിരിക്കാനാവില്ലല്ലോ...
ചിരികളെല്ലാം  മരുന്ന് നിറച്ച് തിരി പിടിപ്പിച്ച്
ഒരു ചരടില്‍ കോര്‍ത്തുള്ളിലെടുത്ത് വെക്കുന്നുണ്ട് ഞാന്‍.
തിരിച്ച് വന്നാല്‍ ഞാനാദ്യം നിന്നെ തിരയും.
പാതിരാനേരത്തൊരു പീടികവരാന്തയിലോ
ഒരു പാലത്തിന്റെ അടിയിലോ പോയിരുന്ന്
നമുക്കെന്റെ ചിരികള്‍ക്ക് തിരി കൊളുത്തണം.
ബീടിപ്പുകയോടൊപ്പം പറത്തി വിടണമവയെ
ഓരോന്നോരോന്നായി...


Friday, September 7, 2012

പരാജയപ്പെട്ടവന്‍റെ കവിത


ചിലപ്പോള്‍ കാര്‍ക്കിച്ചൊരു തുപ്പ്...
ചിലപ്പോള്‍,
യാന്ത്രികമായ ഒരു സ്വയംഭോഗത്തിനൊടുവിലെ സ്ഖലനം.
ഗുഹ്യഭാഗത്തെ നൈമിഷികമായ ഒരു ചൊറിച്ചില്‍.,
സ്വയം വെറുക്കുന്നവന് അത്രേയുള്ളൂ കവിത.
മഴയോടൊപ്പം
ഉപമകള്‍ പെയ്യുന്നതൊന്നും കാണില്ല.
ഏതു തുള്ളിക്കകത്തായിരിക്കും
'മ'-യും 'ഴ'-യും ഒളിഞ്ഞിരിക്കുന്നത്
എന്ന ആശ്ചര്യം വരെ മാത്രം ചെല്ലും,
നോട്ടം.
മരണവീട്ടിലെ സന്ദര്‍ശകര്‍ മാത്രമാകും,
അനുഭവങ്ങള്‍.,
എഴുതാനൊന്നും ബാക്കി വെക്കില്ല.
മരണത്തെ പറ്റിയല്ലാതെ ഒന്നും...
എഴുതിയത്
ആളൊഴിഞ്ഞൊരു സ്ഥലത്ത് പോയി
മണ്ണിട്ട്‌ മൂടി അടക്കം ചെയ്ത്‌
തിരിച്ച് പോവും.
പൂച്ചയുടെ വിസര്‍ജ്യം പോലെ,
തെരുവുപട്ടിയുടെ ജഡം പോലെ,
ഒരു പരാജയപ്പെട്ടവന്റെ കവിത
അതിന്‍റെ കെട്ട മണത്തിന്റെ മൂക്ക് പൊത്തും.

Friday, August 24, 2012

വളര്‍ന്ന് വലുതായ കാഴ്ച്ചകള്‍


പുല്‍ച്ചാടി,
തൊട്ടാവാടി,
സോഡാക്കുപ്പിയുടെ മൂടി.
സ്ലേറ്റ്‌ പെന്‍സില്‍.,
രണ്ട് ചക്രങ്ങളുള്ള സൈക്കിള്‍.,
സിനിമാനടിയുടെ പൊക്കിള്‍.,
സ്വാതന്ത്ര്യം കൊതിക്കുന്ന മുലകള്‍,.
ബാര്‍ കൌണ്ടറിലെ തലകള്‍.,
നെടുവീര്‍പ്പിടുന്ന കെട്ടിടങ്ങള്‍,.
മൊബൈല്‍ ടവറുകള്‍.,
ആളില്ലാ യുദ്ധവിമാനങ്ങള്‍..

കൌതുകങ്ങളെയെല്ലാം പതുക്കെ മായ്ച്ച്
കാഴ്ച്ചയുടെ കുത്തനെയുള്ള കയറ്റം.
വളര്‍ന്ന് വലുതായ കാഴ്ച്ചകള്‍
കണ്ണുകള്‍ക്കുള്ളില്‍ ഒതുങ്ങാതാവുന്നു.
ഒരു വിലാപയാത്ര പോലെ
നിസ്സംഗരായി കടന്നു പോകുന്നു.
ചില രാത്രികളില്‍ ഉറക്കം കെടുത്തുന്നു.

ഇന്ന് കടല്‍തീരത്ത് പോയി മാനം നോക്കി കിടക്കണം.
എല്ലാറ്റിനും മുകളിലല്‍പ്പം കൌതുകം ബാക്കിയാക്കി
കുറച്ച് നക്ഷത്രങ്ങളുണ്ടാവുമവിടെ.
കണ്ണ് തുറന്ന് മലര്‍ന്ന് കിടക്കുമ്പോള്‍
നക്ഷത്രങ്ങള്‍ക്കിടയില്‍ നാല് കാലില്‍ നീന്തുന്നുണ്ടാവും
പുല്‍ച്ചാടികളെ തെരഞ്ഞ് പോയ ഒരു ചെറിയ കുട്ടി.
പൂരപ്പറമ്പില്‍ തനിച്ചാക്കപ്പെട്ടവനായി
ഒരു വിരല്‍ത്തുമ്പിന് വേണ്ടി ചുറ്റും പരതും
തെക്കും വടക്കുമറിയാത്ത ഒരു പത്ത് വയസ്സുകാരന്‍.

Tuesday, August 14, 2012

ഒടുക്കത്തെ മുടിഞ്ഞ പ്രേമം


ഒന്നും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ടമാകുന്നില്ല.
എന്‍റെയും നിന്‍റെയും പ്രണയവും,
രണ്ട് പുഴുക്കളുടെ ഇണചേരലും.
ഈയാം പാറ്റകളുടെ ആത്മഹത്യകളും, ഒന്നും.
ആത്മരതിയുടെ ലഹരി തലക്ക് പിടിക്കുമ്പോള്‍
കവികള്‍ പിച്ചും പേയും പറയുന്നത് കാര്യമാക്കേണ്ട.
ഒന്നും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ടമാകുന്നില്ല.

എന്‍റെ ഖബറിലെ മൈലാഞ്ചിച്ചെടിയുടെ വേരുകള്‍
നിന്റെ ഗന്ധം തെരഞ്ഞെല്ലാ ദിക്കിലേക്കും പുറപ്പെടുമോ
എന്ന് ചോദിച്ച് കൊണ്ടിരിക്കുന്നു നിന്റെ കവിത.
ഇല്ല, വേരുകള്‍ വെള്ളം മാത്രമാണ് തിരയുന്നതെന്ന്
ഏതു കൊച്ചുകുട്ടിക്കാണറിയാത്തത്?

ഇനി ഞാനൊരു രഹസ്യം പറയാം.
ഒരു മലയിടുക്കില്‍ നിന്ന് മലര്‍ന്ന് കിടന്ന്
താഴേക്ക്‌ വീണു കൊണ്ടിരിക്കുകയാണെല്ലാവരും.
പല വേഗങ്ങളില്‍, പല ദൂരങ്ങള്‍ താണ്ടി,
താഴേക്ക്‌ വീണുകൊണ്ടിരിക്കുകയാണ്.
നമ്മള്‍ മാറിമാറി പിടിക്കുന്ന പിടിവള്ളികളും
നമ്മളോടൊപ്പം താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്.
പാറക്കൂട്ടത്തില്‍ തലയടിക്കുമ്പോള്‍ മാത്രം നമ്മള്‍ പഠിക്കും.
വീഴ്ച്ചയുടെ പൊരുളും, താഴ്ച്ചയുടെ ആഴവും.
പഠിക്കുമ്പോള്‍ പഠിക്കട്ടെ, പതിക്കുമ്പോള്‍ പതിക്കട്ടെ.
തല്‍ക്കാലം നീയെന്റെ മുകളില്‍ വന്ന് മലര്‍ന്ന് കിടക്ക്.
രണ്ട് പുഴുക്കളെപ്പോലെ ഇണചേര്‍ന്ന് കൊണ്ട് നമുക്ക് വീഴാം.
ഈയാംപാറ്റകളെപ്പോലെ ചിറകുകള്‍ അഴിച്ചെറിഞ്ഞു കൊണ്ട് വീഴാം.
മുടിയിഴ നീക്കി നിന്റെ പിന്‍കഴുത്തിലെ കറുത്ത മറുകിനെ
ചുണ്ടുകളാല്‍ നനച്ചുകൊണ്ട് വീഴാം.

എന്ത് കൊണ്ടെന്നാല്‍.,
ഒന്നും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ടമാകുന്നില്ല.
എന്‍റെയും നിന്‍റെയും പ്രണയവും
എന്‍റെയും നിന്‍റെയും മരണവും, ഒന്നും.
എങ്കിലും, ഇപ്പോള്‍ ഞാന്‍ മരിക്കുകയാണെങ്കില്‍
നിന്നെയോര്‍ത്തു കൊണ്ടാണ് മരിച്ചതെന്ന്
എന്നെങ്കിലും നീയറിയുമോ?
നിന്റെ ഗന്ധം തെരഞ്ഞു വരുന്ന മൈലാഞ്ചിച്ചെടിയുടെ വേരുകള്‍
നിന്നെയൊരു ഭ്രാന്തന്‍കവിത ചൊല്ലിക്കേള്‍പ്പിക്കുമോ?

Saturday, August 4, 2012

അര മണിക്കൂര്‍ ബുദ്ധന്‍


ഇരുപത്തെട്ട് വര്‍ഷങ്ങളുടെ സമ്പാദ്യം
രണ്ടു ബാഗുകളിലാക്കി തോളിലിട്ട്
ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഞാന്‍ നില്‍ക്കുന്നു.
തലേ ദിവസം നേരത്തെ കിടത്തിയുറക്കി
കൃത്യസമയത്ത് അലാറമടിപ്പിച്ചുണര്‍ത്തി
കൃത്യസമയത്ത് ഒരു ബസ്സിനെ എനിക്ക് വേണ്ടി അയച്ച്
കൃത്യം ഒന്‍പതരയ്ക്ക്, ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍
എന്നെ കൊണ്ട് വന്ന് നിര്‍ത്തിയിരിക്കുന്നു, ദൈവം.

ഇരുപത്തെട്ട്‌ വര്‍ഷങ്ങളുടെ ഭാരമിറക്കിവെച്ച്
ഞാനൊരു ബെഞ്ചിലിരുന്ന് ചായ കുടിക്കുന്നു.
തലച്ചോറില്‍ കാറ്റും വെളിച്ചവും കടക്കാനായി
നെറ്റിക്ക് മുകളിലെ തലയോട്ടി തുറന്നിടുന്നു.
നാക്ക് ചൂടാക്കി, തൊണ്ട ചൂടാക്കി
ചായ പോകുന്ന പോക്കും നോക്കി ഇരിക്കുന്നു.
ഞാന്‍ പല നോട്ടങ്ങള്‍ നോക്കുന്നു.
മേല്കൂരയിലിരിക്കുന്ന പ്രാവുകളുടെ
താഴോട്ടുള്ള നോട്ടം നോക്കുന്നു.
അടുത്ത ബെഞ്ചില്‍, അമ്മയുടെ മടിയില്‍ കിടന്ന്
കയ്യും കാലുമിട്ടടിക്കുന്ന കുഞ്ഞിന്റെ
മുകളിലോട്ടുള്ള നോട്ടം നോക്കുന്നു.
വിദൂരഗ്രഹത്തിലെത്തിയ ഗഗനചാരിയുടെ
തിരശ്ചീനമായ നോട്ടം നോക്കുന്നു.

ഒരു ട്രെയിന്‍ വന്നു നില്‍ക്കുന്നു.
കേറുന്നവരും ഇറങ്ങുന്നവരും തമ്മില്‍
കൂട്ടിമുട്ടാതെ ഒഴിഞ്ഞുമാറി നടക്കുന്നു.
എല്ലാവര്‍ക്കുണ്ട് കയ്യും കാലും,
കണ്ണും മൂക്കും കാതും നാക്കും.
ആള്‍ക്കാരെ, എങ്ങോട്ടാ എല്ലാരും കൂടി?
എന്ന് മനസ്സ് കുശലം ചോദിക്കുന്നു.

'ചായ ചായേ... കാപ്പി കാപ്പീ...'
വായില്‍ നിന്ന് വീഴുന്ന ചില ശബ്ദങ്ങള്‍
ചായയും കാപ്പിയുമായി മാറി
ചിലരുടെ ചുണ്ട് പൊള്ളിക്കുന്നത് കണ്ട്
രസിച്ച് ഞാനിരിക്കുന്നു.
മൈക്കില്‍ നിന്ന് വരുന്ന ചില ശബ്ദങ്ങള്‍
കന്യാകുമാരി-ബാംഗളൂര്‍ എക്സ്പ്രസ്സായി മാറി
രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നതാലോജിച്ച്
രസിച്ച് ഞാനിരിക്കുന്നു.

സമയമെത്രയായി എന്നൊരാളുടെ ശബ്ദം
എന്റെ തൊട്ടു പിന്നില്‍ വന്നു വീഴുന്നു.
ദാ! ഇപ്പൊ! ഈ നിമിഷം ആയെന്ന്
പറയാനൊരുങ്ങിയെങ്കിലും വാച്ച് നോക്കുന്നു.
ദൈവമേ! ഒന്പതെ അന്പതിയഞ്ച്!
മൈക്കിലെ ശബ്ദങ്ങള്‍ മുന്നറിയിപ്പാകുന്നു.
തലയോട്ടിയെടുത്ത് തലയിലുറപ്പിച്ച്
ഇരുപത്തെട്ട്‌ വര്‍ഷങ്ങളുടെ ഭാരവും വലിച്ചിഴച്ച്
ഞാന്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കോടുന്നു.
ട്രെയിനില്‍ കേറുമ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍
വെറുതെ തിരക്ക് കൂട്ടുന്ന ഒരുത്തന്റെ കാലുകളില്‍
അറിഞ്ഞ് കൊണ്ട് അമര്‍ത്തിച്ചവിട്ടുന്നു.
'ശവങ്ങളെല്ലാം കൂടി എങ്ങോട്ടാ കെട്ടിയെടുപ്പ്?'
എന്ന് മനസ്സ് കുശലം ചോദിക്കുന്നു.
ജനാലക്കരികില്‍ സീറ്റ്‌ കിട്ടാത്തതിന്റെ അരിശത്തോടെ
ഞാന്‍ ട്രെയിനിന്റെ അകത്ത് കേറിയിരിക്കുന്നു.

ചൂളം വിളിച്ച്, കരിമ്പുക തുപ്പി,
ഇരുമ്പിന്റെയും മൂത്രത്തിന്റെയും മണമുള്ള
ചായേടെം കാപ്പീടേം രുചിയുള്ള
ഒരു തുരുമ്പിച്ച തീവണ്ടി
എന്റെ അകത്ത് കേറിയിരിക്കുന്നു.

Tuesday, July 31, 2012

കൂട്ടിക്കൊടുപ്പ്അണിഞ്ഞൊരുങ്ങി മുല്ലപ്പൂ ചൂടി
പരിചയമില്ലാത്ത ഒരു ലോഡ്ജിലെ
പരിചയമില്ലാത്ത ഒരു മുറിയിലേക്ക്
ഭയത്തോടെ കടക്കുന്നു, ഒരു വേശ്യ.

അണിഞ്ഞൊരുങ്ങി മുല്ലപ്പൂ ചൂടി
പരിചയമില്ലാത്ത ഒരു വീട്ടിലെ
പരിചയമില്ലാത്ത ഒരു മുറിയിലേക്ക്
ഭയത്തോടെ കടക്കുന്നു, ഒരു വധു.

Saturday, July 28, 2012

രണ്ട് വിശുദ്ധന്മാര്‍അടുത്ത തവണ തമ്മില്‍ കാണുമ്പോള്‍,
പറഞ്ഞവസാനിപ്പിക്കാത്ത ഒരു കഥയിലേക്ക്‌
മുഖവുര കൂടാതെ കടന്നു ചെല്ലണം.
ഇപ്പൊ വരാം എന്ന് വീട്ടില്‍ പറഞ്ഞിറങ്ങിയിട്ട്
പിടി കിട്ടാത്ത ഏതെന്കിലും ദിക്കിലേക്ക്
ഒരു ബസ്സില്‍ കേറിയിരിക്കണം.
പ്രണയം,
സുഖം,
ദുഃഖം,
ഭ്രാന്ത്‌,
മമ്മൂട്ടി,
മോഹന്‍ലാല്‍,
ഡബിള്‍ ബുള്‍സൈ,
വെജിറ്റബിള്‍ സാലഡ്‌....,,,,
വാക്കുകളെയെല്ലാം കൂടെ കൊണ്ട് പോയി
ഒരു ബാറിന്റെ അരണ്ട വെളിച്ചത്തിനുള്ളിലെ
പോസ്റ്റ്‌ മോര്‍ടെം ടേബിളില്‍ കിടത്തണം.
ആദ്യം തൊലിയുരിഞ്ഞ്,
ഇതളുകള്‍ ഓരോന്നായി അഴിച്ചെടുത്ത്,
ഉള്ളിലൊന്നുമില്ലെന്നു കാണുമ്പോള്‍,
അടുത്ത പെഗ്ഗിന്ഓര്‍ഡര്‍ ചെയ്യണം.
തലയ്ക്കരികില്‍ വേറെയാര്‍ക്കും കാണാനാവാത്ത
വിസ്കിയുടെ രണ്ടു വിശുദ്ധവെളിച്ചവലയങ്ങളുമായി
ആളുകള്‍ക്കിടയിലൂടെ നടക്കണം.
ബസ്സ്‌സ്റ്റോപ്പില്‍ ബീഡി വലിച്ചിരിക്കുന്ന വൃദ്ധനെയും
സ്കൂള്‍ ബാഗ്‌ തോളിലിട്ട കുട്ടിയേയും,
പോസ്റ്റര്‍ കടിച്ചു തിന്നുന്ന പശുവിനെയും,
അവരറിയാതെ സ്നേഹിക്കണം.
അപ്പോള്‍,
ഉറങ്ങുന്നവരേയും ഉറക്കം നടിക്കുന്നവരേയും
പിന്നെ കുറെയേറെ ഗൌരവക്കാരേയും
ചുമന്നു കൊണ്ടൊരു ബസ്സ്‌
മുന്നില്‍ വന്ന്‍ കിതച്ച് നില്‍ക്കും.
ചെര്‍പ്പുളശ്ശേരി....
പേര് കൊള്ളാം!
കേറിപ്പോയാലോ?
വേറെയെതോക്കെയോ ആളുകള്‍ക്കിടയില്‍
അറിയപ്പെടാത്ത രണ്ടു വിശുദ്ധന്മാരായി
വെയിലും മഴയും ഇരുട്ടും കൊണ്ട്
വെറുതെ നടന്നാലോ?